Thursday, April 10, 2008

പച്ച വെളിച്ചവും കാത്ത്

കണ്‍പോളകള്‍ തുറക്കാനേ വയ്യ. മുന്നോര്‍ക്കുടം പൊട്ടിയപ്പോള്‍ ആദ്യം തന്നെ കണ്ണിലേക്കാണടിച്ചു കയറിയത്. ഒട്ടിപ്പോയ കണ്‍പോളകള്‍ ആയാസപ്പെട്ടു തുറന്നു

കൂടപ്പിറപ്പ് തൊട്ടരികില്‍ തന്നെയുണ്ട്. കാലത്തെ ഇളം മഞ്ഞില്‍ അവന്‍ ചെറുതായി വിറക്കുന്നു. ഇത്രയും നേരം ശരീരത്തോട് ചേര്‍ന്നു കിടന്ന് എന്റെ തലയില്‍ അവന്‍ തലകൊണ്ട് ഉരസുകയായിരുന്നു. പാവം ക്ഷീണിച്ച് ഉറങ്ങിപോയി. ജനിച്ചതുമുതല്‍ ഇതുവരെ ഒന്നും കഴിച്ചിട്ടില്ലല്ലോ. തിരക്കു പിടിച്ച് എനിക്കുമാത്രം പാല്‍ തന്ന് വാലാട്ടിക്കൊണ്ട് ഓടുകയായിരുന്നില്ലേ അമ്മ, പുതിയ കുടുംബമുണ്ടാക്കാന്‍...

കൂടെ പിറന്ന കൊച്ചനുജത്തി എവിടെ?....വഴിയുടെ മറുവശത്തൊരു കാക്കക്കൂട്ടം. എന്തോ കൊത്തിപ്പറിക്കുകയാണെന്നു തോന്നുന്നു. നടക്കുമ്പോള്‍ കാലുകള്‍ ഉറക്കുന്നില്ല. എങ്ങനെ ഒന്നു മറുവശത്ത് എത്തും? വണ്ടികള്‍ കൂട്ടം കൂട്ടമാ‍യി വന്നു കൊണ്ടിരിക്കുന്നു. അകലെ ഒരു ചുവന്ന വെളിച്ചം. വണ്ടികളുടെ പ്രവാഹം നിലച്ചു.

റോഡ് മുറിച്ചു കടക്കുമ്പോഴേക്കും കാലുകള്‍ കുഴഞ്ഞു. മോളേ ഇതു നീയായിരുന്നോ?. വഴിമുറിച്ചു കടക്കുമ്പോള്‍ സൂക്ഷിക്കണ്ടേ. നിന്നെ പറഞ്ഞിട്ട് കാര്യമില്ല, നിന്റെ തെറ്റല്ല. നിനക്കു നല്ലത് പറഞ്ഞു തരാന്‍ ആരുമില്ലല്ലോ. തിരക്കുപിടിച്ച് എനിക്കുമാത്രം പാല്‍ തന്ന് വാലാട്ടിക്കൊണ്ട് ഓടുകയായിരുന്നില്ലേ അമ്മ, പുതിയ കുടുംബമുണ്ടാക്കാന്‍...

ചുവന്ന വെളിച്ചം മാറി പച്ചയായിരിക്കുന്നു...മോളേ വേഗം, വേഗം ഇവിടെ നിന്നും മാറ് അല്ലെങ്കില്‍.....

വിണ്ടും ചുവപ്പു തെളിഞ്ഞു.തിരിച്ചു നടന്നു. അവനെവിടെ? എവിടെ നിന്നോ കൂടപ്പിറപ്പിന്റെ നിലവിളി.കുറച്ചകലെയായി ഇരുകാലി ജീവികള്‍ നടന്നു നീങ്ങുന്നു. അവരുടെ കൈയ്യിലിരുന്നാണ് അവന്‍ കരയുന്നത്. കാലുകള്‍ക്ക് പുതിയ ശേഷി കിട്ടിയിരിക്കുന്നു. പക്ഷേ പിന്നാലെ ഓടിയിട്ടും ഓടിയിട്ടും എത്തുന്നില്ല. വായില്‍ നിന്നും നുര വന്നു തുടങ്ങി. പിന്നെ മറിഞ്ഞു വീണു. ഞാന്‍ ..ഞാന്‍ ഏകനായിരിക്കുന്നു ഈ ലോകത്ത്. പുല്ലില്‍ മുഖം ചേര്‍ത്ത് കുറേ നേരം കരഞ്ഞു...

ഇപ്പോള്‍ ഞാന്‍ റോഡിനു നടുക്കാണ്..... പച്ച വെളിച്ചം വരുന്നതും കാത്ത്..

12 comments:

Unknown said...

"പച്ച വെളിച്ചം വരുന്നതും കാത്ത്.."

എഴുത്തു നന്നായി...

വായിച്ചു കഴിഞ്ഞപ്പോള്‍ ഞാനെന്താ പറയ്യാ... എന്നാ ഓര്‍ത്തേ...

മനസ്സില്‍ തട്ടിയ ഒരു വായന തന്നതിനു നന്ദി :-)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം ജിഹേഷ്ജീ

ദിലീപ് വിശ്വനാഥ് said...

കൊള്ളാം. നല്ല കഥ.

Mubarak Merchant said...

ഗുഡ് നറേഷന്‍. അഭിനന്ദനങ്ങള്‍ ജിഹേഷ്.

Rare Rose said...

ഹൃദ്യമായ എഴുത്തു..സങ്കീര്‍ണ്ണതയുടെ വളച്ചുകെട്ടലില്ലാതെ .,.ലളിതമായ ,മനസ്സില്‍ തൊടുന്ന കഥ...നന്നായിരിക്കുന്നു ..:-)

Unknown said...

നന്നായിട്ടുണ്ട് മാഷേ

പാമരന്‍ said...

കൊള്ളാം മാഷേ..

nandakumar said...

ജിഹേഷ്..ഇത്ര കപ്പാസിറ്റി ഇണ്ടായിട്ടാ നീ ..??? അടി... ആ..!! നല്ല വിവരണം ആയിട്ടുണ്ടെടാ..ഗുഡ്.

ഒരു സംശയം ഈ പോസ്റ്റ് എന്നാണെഴുതിയത്? എന്നാണ് പോസ്റ്റിയത്? ടൈറ്റിലിനു മുകളിലെ തിയതി കണ്ടു ചോദിച്ചതാ.. ഒന്നു നോക്കു.

Sherlock said...

മഞ്ഞേ, :)

സജീ, :)

പ്രിയാ, :)

വാല്‍മീകി, :)

ഇക്കാസ്, :)

റെയര്‍ റോസ്, :)

അനൂപ്, :)

പാമരന്‍, :)

നന്ദേട്ടാ, :) അതൊരു സൂത്രമല്ലേ

വന്നവര്‍ക്കും വായിച്ചവര്‍ക്കും നന്ദി

qw_er_ty

അജയ്‌ ശ്രീശാന്ത്‌.. said...

"ഇപ്പോള്‍ ഞാന്‍ റോഡിനു നടുക്കാണ്..
പച്ച വെളിച്ചം വരുന്നതും കാത്ത്.."

മനുഷ്യന്റെ
കഥ പറയുകയല്ല
ഇവിടെ ജിഹേഷ്‌..
കഥയുടെ തമ്പുരാന്റെ
ശേഖൂട്ടി പോലെ
ഒരു മനസ്സില്‍
പതിഞ്ഞ കഥ...
ഇതിലെ നായകനായ
നാല്‍ക്കാലി...
നിങ്ങള്‍ ഇരുകാലികളുടെ
മുഖത്തിന്‌ നേരെ
നമ്മുടെ സമൂഹത്തിന്‌ നേര്‍ക്ക്‌..
ഒരു കണ്ണാടി പിടിച്ചിരിക്കുന്നു..

Ajith Raj said...

പട്ടികള്‍ക്കിടയില്‍ മോനേ...
നീ തന്നെ No:1
അധികം എഴുതി ഒരധികപ്പെറ്റാവുന്നില്ല....

Sherlock said...

അമൃദാ, വായനക്കും കമെന്റിനും നന്ദി....

കൊച്ചാവാ, എന്തിനാ അധികം എഴുതുന്നേ? ഇത്രയും തന്നെ ഒരു അധികപറ്റല്ലേ?


qw_er_ty