Tuesday, June 10, 2008

തീ‍രം..

വീശിയടിക്കുന്ന തിരമാലകള്‍ തീരത്തെ പാറക്കൂട്ടങ്ങളില്‍ തട്ടിത്തെറിക്കുമ്പോള്‍ വെള്ളത്തുള്ളികള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്ന മഴവില്ല്. നൈമിഷികമെങ്കിലും അതിനെന്തുഭംഗിയാണ്.

പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് എന്റെ എല്ലാ യാത്രകളും കടല്‍തീരത്തേയ്ക്കെന്ന്?. യാന്ത്രികമായ യാത്രകള്‍. എങ്ങോട്ടു തിരിച്ചാലും എത്തിച്ചേരുന്നത് തീരത്തുതന്നെ. മനസ്സുപ്രക്ഷുബ്ധമാകുന്ന അവസരങ്ങളില്‍ പ്രത്യേകിച്ചും. കുറച്ചു നാളുകളായി ഈ യാത്രകള്‍ കൂടുതലാണ്.

“തീരത്തേയ്ക്കല്ലേ” പതിവുയാത്രക്കാരനൊരു പുഞ്ചിരി സമ്മാനിച്ച് ടിക്കറ്റ് കീറുമ്പോള്‍ കണ്ടക്ടര്‍ ചോദിച്ചു. തലയാട്ടി അതേയെന്നു പറഞ്ഞു.

പാറക്കെട്ടുകള്‍ക്ക് എപ്പോഴും കറുപ്പുനിറമാണ്. വഴുക്കലുള്ള പാറകള്‍ക്കു മീതേ ചുടു കപ്പലണ്ടിയും കൊറിച്ച് മുഖത്തേയ്ക്കാഞ്ഞടിക്കുന്ന കടല്‍ക്കാറ്റിന്റെ മണവും ആസ്വദിച്ച് കിടക്കുമ്പോള്‍ മനസിലെ കടല്‍ തിരവലിഞ്ഞ് പിന്മാറും.

കുറച്ചകലെയായി പട്ടം പറപ്പിക്കുന്ന കുട്ടികളുടെ ആരവം കേള്‍ക്കാം. പെട്ടെന്നുണ്ടായ കാറ്റിന്റെ ദിശമാറ്റത്തില്‍ പട്ടങ്ങള്‍ തമ്മില്‍ കുരുങ്ങിയിരിക്കുന്നു. ജീവിതവും പട്ടങ്ങളുമായി വളരെയധികം സാമ്യമുണ്ടെന്നു തോന്നിപ്പോകുന്നു. പെട്ടെന്നുണ്ടാകുന്ന ഓരോ മാറ്റവും ജീവിതത്തെ ഏതൊക്കെ രീതിയിലാണ് മാറ്റിമറിക്കുക?

ഇന്ന് രണ്ട് യുവമിഥുനങ്ങള്‍ക്കൂടി പാറക്കെട്ടുകള്‍ക്കു മുകളിലുണ്ട്. എന്തെല്ലാമോ സ്വരം താഴ്ത്തി സംസാരിക്കുന്ന യുവാവും അത് കേട്ട് ഉറക്കെ പൊട്ടിച്ചിരിക്കുന്ന യുവതിയും


“കുറേ നാളുകള്‍ കഴിഞ്ഞ് മക്കളുടെ കൂടെ നമുക്കിവിടെ വരണം..എന്നിട്ടവരോടു പറയണം ഇവിടെ വച്ചാണ് നിങ്ങളുടെ അച്ഛനും അമ്മയും കണ്ടുമുട്ടിയതെന്ന്” ഞാന്‍ പറഞ്ഞു.

“ ഹ ഹ ഹ “ അവള്‍ പൊട്ടിച്ചിരിച്ചു.“സാജന്‍ തനിക്കു വട്ടുണ്ടോ? കല്യാണം..കുട്ടികള്‍..റെസ്പോണ്‍സിബിലിറ്റീസ്..ഐ ഡോണ്ട് ലൈക്ക് ഇറ്റ്. എന്‍‌ജോയ് യുര്‍ ലൈഫ് മാന്‍..എന്‍‌ജോയ്..”

“അമൃദ..വെറുതെ കളിപറയാതെ..ഐ ലൈക്ക് യു..ഐ വാന്‍ഡ് യു ആസ് മൈ ബെറ്റര്‍ ഹാഫ്“

“ഹ ഹ ഹ” അവളുടെ ചിരികള്‍ കരകാണാക്കടലിന്റെ ആഴങ്ങളില്‍ തട്ടി പ്രതിഫലിച്ചു.

ആര്‍ത്തലച്ചു വന്ന ഒരു തിര പാറക്കൂട്ടങ്ങളിലേക്കടിച്ചു കയറി...മുഖത്തുവീണ ജലത്തുള്ളികള്‍ ..ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.

കുറച്ചപ്പുറത്തുനിന്നു കേള്‍ക്കുന്ന ഊര്‍ദ്ധനിശ്വാസങ്ങള്‍.. മറ്റൊരു അമൃദ ആയിരിക്കുമോ? വര്‍ഷങ്ങള്‍ക്കുശേഷം അവളെ വീണ്ടും കണ്ടുമുട്ടിയതും ഇവിടെ വച്ചുതന്നെ..മറ്റൊരാളുടെ കൂടെ. അവള്‍ ജീവിതം ആസ്വദിക്കുകയാണ്.

മാനം ഇരുളുകയും ആകാശത്തിലെ ചുവപ്പുരാശികള്‍ മായുകയും ചെയ്തപ്പോള്‍ എഴുന്നേറ്റു തിരിച്ചു നടന്നു. ഒരു വലിയ തിരവന്ന് ആഞ്ഞടിച്ചു. ഇനിയൊരു മഴവില്ലതില്‍ കാണാന്‍പറ്റില്ലെന്ന് അറിമായിരുന്നെങ്കിലും തിരിഞ്ഞു നോക്കാതിരിക്കാന്‍ മനസു വന്നില്ല.

19 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അരുതെന്നു കരുതുമ്പോഴും ചിലപ്പോഴൊക്കെ മനസ്സൊന്നു തിരിഞ്ഞു നോക്കാറുണ്ട് പലപ്പോഴും...

Sandeep PM said...

cliche' aanu jeevitham :)

യൂനുസ് വെളളികുളങ്ങര said...

ഉത്തരം പറയൂ ഇ ചോദ്യത്തിന്‍
അവള്‍ എന്റെ ഭാ‍ര്യയെ പോലെയാണ്
അവളുടേ മുഖത്ത് നോക്കി ഞാന് എപ്പോഴും പുഞ്ജിരിക്കുന്നു, ആകാംഷയോടേ !
അവളോട് ഒരു കാര്യം ഞാന്‍ ഓര്‍മ്മിക്കാന്‍ കൊടുത്താല്‍
ഞാന്‍ ചോദിക്കുന്ന സമയത്ത് അവള്‍ എനിക്ക് പറഞ്ഞുതരും
അവളെ ഉപയോഗിച്ച് ആളുകളെ വശീകരിച്ച് പണം ഉണ്ടാക്കാം
പക്ഷേ പിടിക്കപെട്ടാല്‍ ഞാന്‍ ജയിലില്‍ പോകേണ്ടിവരും
അവളെ അമിതമായി ഉപയോഗിച്ചാല്‍ മാരകരോഗത്തിന്‍ അടിമയാകും
അവള്‍ ആരാണ്‍ ?
http://thamaravadunnu.blogspot.com ലെക്ക് comment ചെയ്തോളൂ

ശ്രീ said...

കഥ കൊള്ളാം ജിഹേഷ് ഭായ്...

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ said...

പാറക്കെട്ടുകള്‍ക്ക് എപ്പോഴും കറുപ്പുനിറമാണ്. വഴുക്കലുള്ള പാറകള്‍ക്കു മീതേ ചുടു കപ്പലണ്ടിയും കൊറിച്ച് മുഖത്തേയ്ക്കാഞ്ഞടിക്കുന്ന കടല്‍ക്കാറ്റിന്റെ മണവും ആസ്വദിച്ച് കിടക്കുമ്പോള്‍ മനസിലെ കടല്‍ തിരവലിഞ്ഞ് പിന്മാറും.
നാടിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ഫോര്‍ട്ടുകൊച്ചി
കടപ്പുറവും അവിടുത്തെ യാത്രയും ഇതു പോലെ
ഓര്‍മ്മ വരും നല്ല അവതരണം

കുറ്റ്യാടിക്കാരന്‍ said...

നല്ല പോസ്റ്റ് ജിഹേഷ്...

പൊറാടത്ത് said...

ജിഹേഷേ.. നന്നായിരിയ്ക്കുന്നു..

G.manu said...

ഒരു നല്ല കുഞ്ഞു കഥ മാഷെ..

നന്ദകുമാര്‍ said...

ജീവിതവും പട്ടങ്ങളുമായി വളരെയധികം സാമ്യമുണ്ടെന്നു തോന്നിപ്പോകുന്നു.

ജിഹേഷേ നന്നായിരിക്കുന്നു :-)

(‘ഊര്‍ദ്ധനിശ്വാസങ്ങള്‍‘ ആണ് ശരി(യെന്നു തോന്നുന്നു.) കഥയിലെ ഈ സന്ദര്‍ഭത്തില്‍ നിശ്വാസങ്ങള്‍ എന്നു മാത്രം മതിയാകും)

മുസാഫിര്‍ said...

ഫാസ്റ്റ് ഫുഡ്ഡ് പോലെ ജീവിതവും ഫാസ്റ്റ് ആവുകയാണ് ചിലര്‍ക്ക് അല്ലെ ? നല്ല ചെറുകഥ.ജിഹേഷ്.

ഗീതാഗീതികള്‍ said...

എല്ലാത്തിലും ആസ്വാദനം മാത്രം ലക്ഷ്യമിടുക. ഉത്തരവാദിത്വങ്ങള്‍ ഒന്നുമേ വയ്യ.
ഇന്നത്തെ പല അമൃദകളും അമൃദന്മാരും ഇങ്ങനെ തന്നെ...

കഥ കൊള്ളാം ജിഹേഷ്.

ജിഹേഷ് said...

തീരം..വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി :)

പാമരന്‍ said...

നന്നായിരിക്കുന്നു :)

lekhavijay said...

തീമില്‍ പുതുമയില്ല ജിഹേഷ്.പക്ഷേ ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു.നല്ല കാര്യം.

ഒരു സ്നേഹിതന്‍ said...

തീരം ഇഷ്ടപ്പെട്ടുട്ടോ... നന്നായിട്ടുണ്ട്...
ഒരുപാടു പറഞ്ഞ വിഷയം എങ്കിലും പുതുമയുണ്ട്...
ആശംസകള്‍ ....

smitha adharsh said...

ഇന്നത്തെ തലമുറയുടെ ജീവിതം ഇങ്ങനെയൊക്കെത്തന്നെ...നല്ല പോസ്റ്റ് കേട്ടോ..

ഉപാസന | Upasana said...

നന്നായി എഴുതിയിരിക്കുന്നു ഭായ്.
ഭാവനകള്‍ നന്നാവുന്നു.

ആശംസകള്‍
:-)
എന്നും സ്നേഹത്തോടെ
ഉപാസന

രസികന്‍ said...

നന്നായിരുന്നു ജിഹേഷ് ജീവിത യാത്രയിൽ ഇതുപോലുള്ള ഒരുപാട് മുഖങ്ങൾ നമുക്കു കാണാൻ സാധിക്കും

മാണിക്യം said...

ജീവിതം ആഘോഷമാക്കാനുള്ള
തത്രപ്പാടിലാണേ ഇന്ന് പുതു തലമുറ
അപ്പോള്‍ ചുമതലകളും കടപ്പാടുകളും
അമിതഭാരം ആകുന്നു

പഴയ തീവണ്ടിയില്‍ എഴുതിയിരുന്നു:
“ലെസ് ലഗേജ് മോര്‍‌ കംഫര്‍‌ട്ട്”

ഇന്ന് ഞാന്‍ ആണ് എന്റെ ഏറ്റം നല്ലസുഹൃത്ത് ..
എന്ന് പറയുന്ന പുതിയ സംസ്കാരം ഉരുതിരിയുന്നു തീരം വായിച്ചപ്പോള്‍ അതു ശരിയാണെന്നു തോന്നി