Sunday, December 6, 2009

ഗൌളി

ഒരു ഗൌളിയെ ഒരിക്കലും ഇത്രത്തോളം ശ്രദ്ധിക്കേണ്ട കാര്യം ഇല്ല. പക്ഷേ അസാധാരണമായ എന്തോ ഒന്ന് അതിനുണ്ടായിരുന്നതുകൊണ്ടായിരിക്കണം, ഇരുണ്ടു തടിച്ച ശരീരവും വല്ലാതെ മെലിഞ്ഞ കൈകാലുകളും ചേര്‍ച്ചയില്ലാത്ത വാലും.

അവലക്ഷണം പിടിച്ച അതിനെ ആട്ടിയോടിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഓരോ തവണയും അത് തിരിച്ചു വരുകയായിരുന്നു. അത് ഇരപിടിക്കുന്നത് ഒരിക്കല്‍ പോലും കണ്ടിട്ടില്ല, പുതുമഴയില്‍ ജീവനെടുക്കുന്ന ശലഭങ്ങള്‍ ഏറെയുണ്ടായിട്ടും.

ഓഫീസിലേക്കു പോകുമ്പോള്‍ എന്നെ യാത്രയാക്കാനെന്ന പോലെ മുന്‍വാതിലിന്റെ കട്ടിളപ്പടിയില്‍ വന്നിരിക്കും. തിരിച്ചു വരുമ്പോഴും സ്വീകരിക്കാനായി അവിടെ തന്നെ ഉണ്ടാവും.
ആദ്യമൊക്കെ ഈ കാഴ്ച്ച അലോസരപ്പെടുത്തി. കാലക്രമേണ വീട്ടിലേക്ക് വരുമ്പോഴും പോകുമ്പോഴും ഒരു നോട്ടം കട്ടിളപ്പടിയുടെ മുകളിലേക്ക് എറിഞ്ഞിട്ട് അതവിടെ ഉണ്ടെന്നു തീര്‍ച്ചയാക്കുന്നത് പതിവായി.

ഞാനൊരു അച്ഛനാകാന്‍ പോകുന്നു എന്ന വിവരം കേട്ട് ആനന്ദനിര്‍വൃതിയില്‍ ലയിച്ചു നിന്ന എന്നെ ഉണര്‍ത്തിയത് ആ ഗൌളിയുടെ നീട്ടിയുള്ള ചിലക്കലായിരുന്നു. അന്ന് സാധാരണയില്‍ കവിഞ്ഞ ശബ്ദത്തില്‍ ചിലച്ചുകൊണ്ട് മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഓടി നടന്നു. മുമ്പൊരിക്കല്‍ അമ്മ കട്ടിലില്‍ നിന്നും മറിഞ്ഞു വീണപ്പോഴും ഇത്തരത്തിലായിരുന്നു അതിന്റെ പ്രതികരണം എന്ന് നല്ല പാതി പറഞ്ഞിരുന്നു.

എന്തോ കാരണങ്ങള്‍ കൊണ്ട് മനസ്സ് പ്രക്ഷുബ്ദമായിരുന്ന ദിവസമാണ് ഒരു തടിയന്‍ പുസ്തകമെടുത്ത് അതിനെ തല്ലിയത്. ആദ്യത്തെ അടിയില്‍ തന്നെ അത് നിലത്തു വീണ്, ഒരു പിടയലോടെ ജീവന്‍ വെടിഞ്ഞു.

അതിനെ എടുത്തു കളയുമ്പോഴാണ് അതിന്റെ കഴുത്തിലെ ആ അടയാളം ശ്രദ്ധിച്ചത്, അച്ഛന്റെ കഴുത്തിലും അങ്ങനെയൊന്നുണ്ടായിരുന്നുവല്ലോ?

7 comments:

sherlock said...

വളരെ നാളുകള്‍ക്കു ശേഷം ഒരു കഥ പോസ്റ്റുന്നു.
കഥയാണോ എന്നു നിങ്ങള്‍ തന്നെ പറയുക.

വൈഖരി ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

ആചാര്യന്‍ said...

വായിച്ചു ജിഹേഷെ, congrats veno

താരകൻ said...

കൊള്ളാം നന്നായിരിക്കുന്നു.ഏതാനും വരികൾ കൊണ്ട് ഒരു അസ്വസ്ഥത സൃഷ്ടിച്ചിരിക്കുന്നു..

പൈങ്ങോടന്‍ said...

നീ എഴുതിയതില്‍ വെച്ച് ഏറ്റവും മികച്ചത്!

വളരെ കുറച്ചു വാക്കുകള്‍കൊണ്ട് മനസ്സില്‍ തട്ടുന്ന ഒരു കഥ.വളരെ നന്നായി ജിഹേഷ്!

ബഷീര്‍ വെള്ളറക്കാട്‌ / pb said...

സംഗതി അന്തവിശ്വാസം എങ്കിലും ഇങ്ങിനെ ചില അസ്വസ്ഥതകൾ ജീവിതത്തിൽ ഉണ്ടാവുന്നത് (ആർക്കും ) നന്നായി ചുരുങ്ങിയ വരികളിൽ പ്രതിഫലിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ

ബഷീര്‍ വെള്ളറക്കാട്‌ / pb said...

അക്ഷരപിശാച്. ക്ഷമിക്കുക

കുമാരന്‍ | kumaran said...

ഇതൊരു പ്രത്യേക രചന തന്നെ.